ഹോസ്റ്റലുകൾ നവീകരിച്ചു; വൃത്തികേടാക്കുന്നവർക്കെതിരെ ശക്തമായ നടപടി: വൈസ് ചാൻസിലർ പ്രൊഫ. (ഡോ.) പി. രവീന്ദ്രൻകാലിക്കറ്റ് സർവകലാശാലയിലെ ആൺകുട്ടികളുടെ ഹോസ്റ്റലുകൾ ഏഴ് ലക്ഷം രൂപ മുടക്കി യുദ്ധകാലാടിസ്ഥാനത്തിൽ നവീകരിച്ചുവെന്നും ഇനി കെട്ടിടങ്ങൾ വൃത്തികേടാക്കുന്നവർക്കെതിരെ സർവകലാശാലാതലത്തിൽ നടപടിയെടുക്കുകയും പോലീസിന് പരാതി നൽകുകയും ചെയ്യുമെന്നും വൈസ് ചാൻസിലർ പ്രൊഫ. (ഡോ.) പി. രവീന്ദ്രൻ അറിയിച്ചു.
നവംബർ 13ന് സർവകലാശാലാസംരക്ഷണസമിതിയെന്ന പേരിൽ നടന്ന മാർച്ചിൽ സി.പി.ഐ.എം. നേതാവ് എ. വിജയരാഘവൻ നടത്തിയ പ്രസ്താവന അപലപനീയമാണെന്നും വൈസ് ചാൻസിലർ പത്രസമ്മേളനത്തിൽ പറഞ്ഞു.
“ഹോസ്റ്റൽ ചുമരുകളിൽ ഇനിയും വരക്കണമെന്നാണ് അദ്ദേഹം വിദ്യാർത്ഥികളോട് ആഹ്വാനം ചെയ്തത്. അത് ആശാസ്യമല്ല. ഒരു മുതിർന്ന രാഷ്ട്രീയനേതാവ് നടത്താൻ പാടില്ലാത്ത പ്രസ്താവനയാണത്. അധിക്ഷേപകരമായ ചുമരെഴുത്തുകളായിരുന്നു ഹോസ്റ്റൽ നിറയെ. അത് ഇനി അനുവദിക്കാനാവില്ല,” വൈസ് ചാൻസിലർ പറഞ്ഞു.
“എല്ലാവർക്കും ഭയമില്ലാതെ പഠിക്കാനാകുന്ന രീതിയിൽ ക്യാമ്പസിന്റെ അന്തരീക്ഷം മാറണം. ഹോസ്റ്റലിന്റെയും ക്യാമ്പസിന്റെയാകെയും സുരക്ഷ അടിയന്തിരമായി വർദ്ധിപ്പിക്കും. വിദ്യാർത്ഥികളുടെ സ്വകാര്യത മാനിച്ചുകൊണ്ടുതന്നെ ഹോസ്റ്റലുകളിൽ കൃത്യമായ ഇടവേളകളിൽ പരിശോധനകൾ ഉണ്ടാകും. സമാധാനത്തോടെ ക്യാമ്പസിൽ ജീവിക്കാനാകുക എന്നത് അടിസ്ഥാന ആവശ്യമാണ്. വെറുപ്പ് വിളയുന്ന ഇടമായി ക്യാമ്പസ് മാറരുത്. സംഘടനകളുടെ പോസ്റ്റർ പതിക്കുന്നതിന് സ്ഥലം അനുവദിക്കും. മറ്റിടങ്ങളിൽ അതിന് അനുവാദമുണ്ടാകില്ല,” വി.സി. കൂട്ടിച്ചേർത്തു.
വിദ്യാർത്ഥികൾക്കുള്ള സൗകര്യങ്ങൾ അടിയന്തരമായിത്തന്നെ വർദ്ധിപ്പിക്കാൻ തീരുമാനമായിട്ടുണ്ടെന്നും ആധുനിക അടുക്കളയോടുകൂടിയ പൊതു ഡൈനിങ് ഏരിയയും വിശാലമായ സ്റ്റുഡന്റ് ഫസിലിറ്റി സെന്ററും നിമിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചുവെന്നും വൈസ് ചാൻസിലർ അറിയിച്ചു.
ക്യാമ്പസ് സ്റ്റുഡന്റ്സ് യൂണിയൻ തിരഞ്ഞെടുപ്പിനിടെയുണ്ടായ സംഘർഷത്തെത്തുടർന്ന് അടച്ചിട്ട ക്യാമ്പസ് തിങ്കളാഴ്ച തുറന്നു. ക്ലാസുകൾ പതിവുപോലെ നടക്കുകയും വിദ്യാർത്ഥികൾ ഹോസ്റ്റലുകളിലേക്ക് തിരിച്ചെത്തുകയും ചെയ്തു.
The hostel has been cleaned and action will be taken against those who litter, says the Vice Chancellor of Calicut University.























